രജിസ്ട്രാറുടെ സസ്‌പെന്‍ഷനില്‍ പോര് മുറുകുന്നു

08:16 AM Jul 07, 2025 | വെബ് ടീം

തിരുവനന്തപുരം :  കേരള സർവകലാശാലയിൽ നാടകീയ നീക്കങ്ങൾ തുടരുന്നു. ജോയിന്റ് റജിസ്ട്രാർ ഹരികുമാറിനെതിരെയും നടപടിക്ക് സാധ്യത. വിസി ഇൻ ചാർജ് സിസ തോമസ് പിരിച്ചുവിട്ട സിൻഡിക്കേറ്റ് യോഗത്തിൽ തുടർന്നും ജോ. റജിസ്ട്രാർ പങ്കെടുത്തത് ചട്ടവിരുദ്ധമാണ്. പിരിച്ചു വിട്ട ശേഷവും സിന്ഡിക്കേറ്റ് യോഗത്തിൽ തുടർന്ന ജോയിന്റ് റജിസ്ട്രാർ ചട്ട വിരുദ്ധമായി ചേർന്ന യോഗത്തിന്റ മിനുട്സ് അംഗീകരിച്ചതും വീഴ്ചയാണെന്നാണ് വിസി കണ്ടെത്തൽ. ഇന്ന് 9 മണിക്കുള്ളിൽ മറുപടി നൽകാനാണ് ജോയിൻ രജിസ്ട്രാർക്ക് വിസി നൽകിയ നിർദ്ദേശം.  

കേരള സർവകലാശാലയിൽ, സിൻഡിക്കേറ്റ് തീരുമാനത്തിന് പിന്നാലെ വീണ്ടും ചുമതലയേറ്റ രജിസ്ട്രാർ കെ.എസ്.അനിൽ കുമാറിന്റെ നടപടിയിൽ വിസി അതൃപ്തിയിലാണ്. സംഭവത്തിൽ ജോയിന്റ് റജിസ്ട്രാറിൽ നിന്ന് വിസി ഇൻ ചാർജ് ഡോ. സിസ തോമസ് റിപ്പോർട്ട് തേടി. ഇന്നുരാവിലെ 9 മണിക്ക് മുമ്പ് വിശദീകരണം നൽകാനാണ് നിർദേശം.അതേസമയം വീണ്ടും ചുമതലയേറ്റ രജിസ്ട്രാർ ഇന്ന് ഓഫീസിലെത്തിയേക്കും. ഇന്നലെ ചേർന്ന പ്രത്യേക സിൻഡിക്കേറ്റ് യോഗം വിസിയുടെ നടപടി റദ്ദാക്കിയതോടെ നാലര മണിക്ക് റജിസ്ട്രാർ ഓഫീസിലെത്തി ചുമതലയേറ്റിരുന്നു. സിൻഡിക്കേറ്റ് നടപടിക്ക് നിയമസാധുത ഇല്ലെന്ന് വിസിയുടെ നിലപാട് തള്ളിയാണ് റജിസ്ട്രാർ തിരികെ ഓഫീസിൽ എത്തിയത്. കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടാകില്ലെന്ന വിലയിരുത്തലിലാണ് രജിസ്ട്രാറും ഇടത് സിൻഡിക്കേറ്റ് അംഗങ്ങളും. ഇന്ന് സർവകലാശാലയിലെത്തുന്ന വിസിയെ തടഞ്ഞ് പ്രതിഷേധിക്കാനാണ് എസ്എഫ്ഐ തീരുമാനം.


More News :