ഇറാനിലെ വാണിജ്യ പ്രാധാന്യമുള്ള ഏറ്റവും വലിയ പാലങ്ങളിൽ ഒന്നായ ബി-1 ബ്രിഡ്ജ് അമേരിക്ക വ്യോമാക്രമണത്തിലൂടെ തകർത്തു. ഇറാൻ തലസ്ഥാനമായ ടെഹ്റാനെയും കറാജ് നഗരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാലം തകർന്നതോടെ മേഖലയിലെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.
യുഎസ് നടത്തിയ ഈ ശക്തമായ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. തൊണ്ണൂറ്റി അഞ്ചോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാലത്തിന് നേരെ രണ്ട് തവണയാണ് മിസൈൽ ആക്രമണം ഉണ്ടായത്. ആദ്യ ആക്രമണത്തിൽ പരിക്കേറ്റവരെ സഹായിക്കാനും രക്ഷാപ്രവർത്തനങ്ങൾക്കുമായി എത്തിയവർക്ക് നേരെയാണ് രണ്ടാമത്തെ ആക്രമണം നടന്നതെന്ന് ഇറാൻ സ്റ്റേറ്റ് മീഡിയ അറിയിച്ചു.
അമേരിക്കയുടെ ഈ പ്രകോപനപരമായ നടപടിക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. യുഎസിനും ഇസ്രായേലിനും എതിരെ വിനാശകരമായ ആക്രമണം നടത്തുമെന്നും ശത്രുക്കൾ മുട്ടുകുത്തുന്നത് വരെ യുദ്ധം തുടരുമെന്നും ഇറാൻ വ്യക്തമാക്കി. കുവൈറ്റിലെയും യുഎഇയിലെയും പാലങ്ങൾ തങ്ങളുടെ ലക്ഷ്യപ്പട്ടികയിൽ ഉണ്ടെന്നും ഇറാൻ സൂചിപ്പിച്ചു.
സമാധാന കരാറിന് ഇറാൻ തയ്യാറായില്ലെങ്കിൽ രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന് ഡോണാൾഡ് ട്രംപ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ഇത്തരം ഭീഷണികൾക്ക് മുന്നിൽ ഇറാൻ വഴങ്ങില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചി വ്യക്തമാക്കി.
അഞ്ചാം ആഴ്ചയിലേക്ക് കടന്ന ഈ യുദ്ധം കൂടുതൽ രൂക്ഷമാകാനാണ് സാധ്യത. ഇതിനിടെ അമേരിക്കൻ സൈനിക മേധാവി റാണ്ടി ജോർജിനെ സ്ഥാനത്ത് നിന്ന് നീക്കിയതായും റിപ്പോർട്ടുകളുണ്ട്. ഇരു രാജ്യങ്ങളും തങ്ങളുടെ സൈന്യത്തെ സജ്ജമാക്കി നിർത്തുന്നതോടെ ഒരു കരയുദ്ധത്തിനുള്ള സാധ്യതയും ഏറുകയാണ്.