ജസ്‌ന സലീമിനെതിരെ കേസെടുത്ത് പൊലീസ്

03:38 PM Apr 12, 2025 | വെബ് ടീം

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രനടപ്പുരയില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന പരാതിയില്‍ യുവതിക്കെതിരെ പൊലീസ് കേസ് എടുത്തു. നേരത്തെ കൃഷ്ണ ഭക്തയെന്ന നിലയില്‍ വൈറലായ കോഴിക്കോട് സ്വദേശി ജസ്‌ന സലീമിനെതിരെയാണ് ടെമ്പിള്‍ പൊലീസ് കേസെടുത്തത്.

കിഴക്കേ നടയില്‍ ബാങ്കിന്റെ ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി വീഡിയോ എടുത്ത് പ്രചരിപ്പിച്ചെന്ന ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ പരാതിയിലാണ് നടപടി.മാർച്ച് 10നും 19 നും ഇടയിലാണ് വീഡിയോ ചിത്രീകരിച്ചതെന്ന് പരാതിയിൽ പറയുന്നു.

നേരത്തെ ജസ്ന ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ചതും ക്ഷേത്രത്തിലെത്തിയ മറ്റു ഭക്തരുമായി തർക്കത്തിലേർപ്പെട്ടതും വാർത്തയായിരുന്നു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഗുരുവായൂര്‍ ക്ഷേത്രം നല്‍കിയ പരാതിയിലാണ് ക്ഷേത്ര നടപ്പന്തലിൽ വീഡിയോ ചിത്രീകരണത്തിന് നിയന്ത്രണമേർപ്പെടുത്തി ഹൈക്കോടതി ഉത്തരവിട്ടത്. ക്ഷേത്രങ്ങള്‍ ഭക്തര്‍ക്കുള്ള ഇടമാണെന്നും അവിടെവെച്ച് ഇത്തരത്തില്‍ ചിത്രങ്ങളെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ നിലപാട്.

ഈ ഉത്തരവ് നിലനില്‍ക്കെയാണ് കിഴക്കേ ദീപസ്തംഭത്തിനടുത്തെ ഇ - ഭണ്ഡാരത്തിന് മുകളിലുള്ള കൃഷ്ണ വിഗ്രഹത്തിൽ വിവിധ നിറങ്ങളിലുള്ള കടലാസ് മാല ചാർത്തി ജസ്ന വീഡിയോ ചിത്രീകരിച്ചത്. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പരാതി ഉയർന്നത്.