പാറയിൽ കാൽവഴുതി പുഴയിൽ വീണ സഹോദരിയെ രക്ഷിക്കാന്‍ ശ്രമിച്ച യുവതി മുങ്ങി മരിച്ചു

10:01 PM Apr 26, 2025 | വെബ് ടീം

പെരുമ്പാവൂര്‍: പാറയില്‍ കാല്‍തെന്നി പുഴയിൽ വീണ സഹോദരിയെ രക്ഷിക്കാന്‍ ശ്രമിച്ച യുവതി മുങ്ങി മരിച്ചു. പെരുമ്പാവൂർ മൗലൂദുപുര പുളിക്കക്കുടി വീട്ടില്‍ ഷാജഹാന്റെ മകള്‍ ഫാത്തിമ ഷെറിനാണ് (19) മരിച്ചത്. വാഴക്കുളം പഞ്ചായത്തിലെ മുടിക്കല്‍ തടി ഡിപ്പോ കടവില്‍ ശനിയാഴ്ച രാവിലെ 6.30നായിരുന്നു സംഭവം.ഇരുവരും പാറയില്‍ കയറി മൊബൈലില്‍ സെല്‍ഫി എടുക്കുന്നതിനിടെയായിരുന്നു അപകടം. സഹോദരി ഫര്‍ഹത്ത് കാല്‍തെന്നി പുഴയിലേക്ക് വീണതിനെത്തുര്‍ന്ന് രക്ഷിക്കാന്‍ ചാടിയതായിരുന്നു ഫാത്തിമ.

പുഴയില്‍ ചൂണ്ടയിട്ട് മീന്‍ പിടിച്ചുകൊണ്ടിരുന്ന നാട്ടുകാരന്‍ രക്ഷപ്പെടുത്തിയ ഫര്‍ഹത്തിനെ (15) പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കിവിട്ടു. ഫാത്തിമക്കായി ആദ്യം നാട്ടുകാരും അഗ്നിരക്ഷാ സേനയും നടത്തിയ തിരച്ചില്‍ വിഫലമായി.തുടര്‍ന്ന് കോതമംഗലത്ത് നിന്നെത്തിയ സ്‌കൂബാ ടീം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രഭാതസവാരിക്കും സമീപത്തെ ഷീ ജിമ്മിലും എത്തിയതായിരുന്നു സഹോദരികള്‍. ഇതിനിടെയാണ് കടവില്‍ ഇറങ്ങിയത്.

പെരുമ്പാവൂര്‍ മര്‍ത്തോമ കോളജ് ബി.എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാര്‍ഥിനിയായിരുന്നു ഫാത്തിമ ഷെറിന്‍. ഖത്തറില്‍ ഡ്രൈവറായ ഷാജഹാന്‍ എത്തിയശേഷം രാത്രി ഖബറടക്കും. മാതാവ്: സൈന.