+

യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മർദിച്ച സംഭവം; ഉത്തരവ് ഉണ്ടായിട്ടും പൊലീസുകാരനെതിരെ നടപടിയില്ല

യൂത്ത് കോൺഗ്രസ് പ്രവർത്തകനെ മർദ്ദിച്ച സംഭവത്തിൽ പൊലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ ഉത്തരവ് ഉണ്ടായിട്ടും പൊലീസുകാരനെതിരെ നടപടിയില്ല. യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ബിലാൽ സമദിനാണ് ലാത്തി ചാർജിൽ മർദ്ദനമേറ്റത്. മർദ്ദനത്തിൽ ബിലാലിന്റെ കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടിരുന്നു. 

2022 ജൂൺ 14 നാണ് തൊടുപുഴയിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ലാത്തി ചാർജ്  നടക്കുന്നത്. ഇടുക്കി ഡിസിസി പ്രസിഡന്റിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ആണ് കോൺഗ്രസ് നേതൃത്വത്തിൽ തൊടുപുഴയിൽ മാർച്ച് നടന്നത്. മാർച്ച് സംഘർഷത്തിൽ എത്തി. പൊലീസ് ലാത്തി ചാർജ് നടത്തി. ലാത്തി ചാർജിന് ഇടയിലാണ് ബിലാൽ സമദിന് പരിക്കേറ്റത്. ബിലാലിന്റെ കണ്ണിനും തലയ്ക്കും പൊലീസിന്റെ ലാത്തി കൊണ്ടുള്ള അടിയേറ്റു. മൂന്നുമാസത്തോളം ബിലാൽ ആശുപത്രിയിൽ ചികിത്സയിലായി. കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്ന സാഹചര്യത്തിൽ വരെ എത്തി കാര്യങ്ങൾ. പിന്നീട് നാളുകൾ നീണ്ട ചികിത്സയ്ക്കൊടുവിലാണ് കാഴ്ച തിരിച്ചു കിട്ടിയത്. അന്നത്തെ പൊലീസിന്റെ അടിയിൽ ബിലാലിന്റെ ഒരു കണ്ണിന്റെ 70% ത്തോളം കാഴ്ചയാണ് നഷ്ടപ്പെട്ടത്.

തന്റെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാൻ ഇടയാക്കിയ പൊലീസുകാരനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിലാൽ കേരള പോലീസിനും, പോലിസ് കംപ്ലൈന്റ്റ് അതോറിറ്റിക്കും, മനുഷ്യാവകാശ കമ്മീഷനും പരാതി നൽകി. എന്നാൽ പോലീസ് പരാതി പരിഗണിച്ചില്ല. തുടർന്ന് ബിലാൽ സ്വകാര്യ അന്യായം ഫയൽ ചെയ്തു. ഇതിനിടെ പോലീസ് കംപ്ലൈന്റ്റ് അതോറിറ്റി പൊലീസുകാരനെതിരെ നടപടി വേണമെന്ന് നിർദ്ദേശിച്ചു. പൊലീസുകാരന്റെ ഭാഗത്ത് വീഴ്ച ഉണ്ടെന്നും നിരീക്ഷിച്ചു. മാർച്ച് മാസത്തെ ഉത്തരവിൽ കർശന നടപടി പോലീസുകാരനെതിരെ വേണമെന്നായിരുന്നു നിർദ്ദേശം. 

എന്നാൽ നിർദ്ദേശം വന്ന് നാലു മാസം പിന്നിട്ടിട്ടും പോലീസുകാരനെതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ലാത്തിയിൽ കമ്പി കെട്ടി മർദ്ദിച്ചു എന്നതായിരുന്നു ബിലാലിന്റെ ആരോപണം. ആരോപണം ശരിവയ്ക്കുന്ന തരത്തിൽ ആയിരുന്നു ബിലാലിന്റെ തലയിലെ മുറിവുകൾ. ആറ് സ്റ്റിച്ചാണ് ബിലാലിന്റെ തലയിൽ ഉണ്ടായിരുന്നത്. മർദ്ദനത്തിൽ ബിലാലിന്റെ കണ്ണിന്റെ ലെൻസ് മാറി വച്ചെങ്കിലും ചികിത്സകൾ ഇപ്പോഴും തുടരുകയാണ്. എന്നാൽ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ മാത്രം ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

facebook twitter