പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് 19 കാരന്‍ മരിച്ചു

09:08 AM Jul 20, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

നെടുമങ്ങാട്ട് റോഡിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 19 വയസുകാരൻ മരിച്ചു. പനയമുട്ടം സ്വദേശി അക്ഷയ് ആണ് മരിച്ചത്. കാറ്ററിംഗ് ജോലി കഴിഞ്ഞ് സുഹൃത്തുക്കൾക്കൊപ്പം ബൈക്കിൽ മടങ്ങിവരുമ്പോഴാണ് ദാരുണമായ അപകടം സംഭവിച്ചത്.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും സമീപത്തുണ്ടായിരുന്ന മരം വൈദ്യുതി പോസ്റ്റിന് മുകളിലേക്ക് കടപുഴകി വീഴുകയായിരുന്നു. ഇതോടെ പോസ്റ്റും വൈദ്യുതി ലൈനും റോഡിലേക്ക് പൊട്ടിവീണു. ഇത് ശ്രദ്ധയിൽപ്പെടാതെ ബൈക്കിലെത്തിയ സംഘം അപകടത്തിൽപ്പെടുകയായിരുന്നു.

അക്ഷയ് ഓടിച്ചിരുന്ന ബൈക്കിൽ മറ്റ് രണ്ട് സുഹൃത്തുക്കളും ഉണ്ടായിരുന്നു. പൊട്ടിവീണ പോസ്റ്റിലിടിച്ച് ബൈക്ക് മറിഞ്ഞപ്പോൾ അക്ഷയ് വൈദ്യുതി ലൈനിലേക്ക് തെറിച്ചുവീഴുകയും തൽക്ഷണം ഷോക്കേറ്റ് മരിക്കുകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് നിസാര പരിക്കേറ്റു.