+

തൃപ്പുണിത്തുറ തിരിച്ചുപിടിക്കും, ജി സുധാകരന്‍ വീഴില്ല; അബ്ദുറഹിമാനും ഗണേഷ് കുമാറും കടുത്ത പോരാട്ടത്തിൽ വീഴുമോയെന്ന് സംശയം; സിറ്റിങ് സീറ്റുകള്‍ കൈവിട്ടേക്കും; തുടര്‍ഭരണ പ്രതീക്ഷയില്‍ സിപിഐഎം

കൊച്ചി: സംസ്ഥാനത്ത് കനത്ത പോളിങ്ങോടെ വോട്ടെല്ലാം പെട്ടിയിലായെങ്കിലും കണക്കുകൂട്ടലുകളിൽ മൂന്ന് മുന്നണികൾക്കും അവകാശവാദങ്ങൾക്ക് യാതൊരു കുറവുമില്ല. എല്‍ഡിഎഫിന് തുടര്‍ഭരണം ഉണ്ടാകുമെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴും സിപിഐഎം മണ്ഡലം-ജില്ലാ കമ്മിറ്റികളുടെ പ്രാഥമിക വിലയിരുത്തലുകള്‍ പുറത്തുവരുമ്പോള്‍ ഇടത് ക്യാമ്പുകളില്‍ പ്രതീക്ഷയും ആശങ്കയും ഒരേ പോലെയാണ്  മന്ത്രിമാരില്‍ ചിലര്‍ പരാജയപ്പെടുമെന്ന ചില കോണുകളിൽ നിന്നുള്ള  ആശങ്കയും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നു. തിരുവനന്തപുരം, കോഴിക്കോട്, ജില്ലയില്‍ ചില സിറ്റിങ് സീറ്റുകളില്‍ വിജയസാധ്യത കുറവാണെന്നും പാര്‍ട്ടി വിലയിരുത്തുന്നുവെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.

തിരുവനന്തപുരത്ത് സിപിഐഎം മത്സരിച്ച നാല് മണ്ഡലങ്ങളില്‍ ഇത്തവണ കടുത്ത മത്സരം നടന്നെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി. നെയ്യാറ്റിന്‍കര, അരുവിക്കര, കാട്ടാക്കട, നേമം എന്നീ മണ്ഡലങ്ങളിലെ വിജയസാധ്യതയിലാണ് പാര്‍ട്ടിക്ക് ആശങ്കയുള്ളത്. ഈ മണ്ഡലങ്ങളില്‍ വിജയിച്ചാല്‍ തന്നെ അത് നേരിയ ഭൂരിപക്ഷമാകുമെന്നുമാണ് വിലയിരുത്തല്‍. മണ്ഡലം കമ്മിറ്റികളില്‍ നിന്നുള്ള വോട്ടു കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സിറ്റിങ് സീറ്റുകളില്‍ ചിലത് നഷ്ടമാകുമെന്ന വിലയിരുത്തലിലാണ് സിപിഐഎം. 2021ല്‍ തിരുവനന്തപുരത്ത് 14 മണ്ഡലങ്ങളില്‍ 13 ഇടത്തും എല്‍ഡിഎഫ് ആയിരുന്നു വിജയിച്ചത്. കോവളത്ത് മാത്രമായിരുന്നു യുഡിഎഫിന് വിജയിക്കാനായത്. തിരുവനന്തപുരം, കോവളം എന്നീ സീറ്റുകളില്‍ പൊതുസ്വതന്ത്രരെയാണ് എല്‍ഡിഎഫ് മത്സരിപ്പിച്ചത്, എന്നാല്‍ ഈ രണ്ട് മണ്ഡലങ്ങളിലും വിജയപ്രതീക്ഷ കുറവാണെന്നാണ് സിപിഐഎം കരുതുന്നത്. ആറ്റിങ്ങല്‍, വര്‍ക്കല, പാറശ്ശാല എന്നീ മണ്ഡലങ്ങളില്‍ വിജയം ഉറപ്പാണെന്ന ശുഭപ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം. വട്ടിയൂര്‍ക്കാവില്‍ വികെ പ്രശാന്ത് കടുത്ത മത്സരം നേരിട്ടുവെങ്കിലും അവിടെയും ഒടുവില്‍ വിജയം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി.

കൊല്ലത്ത് കഴിഞ്ഞ തവണത്തേ വിജയം ആവര്‍ത്തിക്കാനാകുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നത്. എന്നാല്‍ ജില്ലയിലെ പല മണ്ഡലങ്ങളിലുമുണ്ടായ കടുത്ത പോരാട്ടം സിപിഎമ്മിനെ ആശങ്കയിലാക്കുന്നുമുണ്ട്. ആറ് മുതല്‍ ഒന്‍പത് സീറ്റുകള്‍ വരെ ഇടതുമുന്നണിക്ക് ലഭിക്കുമെന്ന് സിപിഎം ജില്ലാ നേതൃത്വം വിലയിരുത്തുന്നു. ഒന്‍പത് സീറ്റുകള്‍ ലഭിക്കുകയാണെങ്കില്‍ കഴിഞ്ഞ തവണത്തേതിന് സമാനമായ മുന്നേറ്റം ജില്ലയില്‍ നടത്താന്‍ എല്‍ഡിഎഫിന് സാധിക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍. 11 സീറ്റുകളില്‍ 9 മണ്ഡലങ്ങളും കഴിഞ്ഞ തവണ ഇടതുമുന്നണിക്ക് ഒപ്പമായിരുന്നു. കുണ്ടറയും കരുനാഗപ്പള്ളിയും മാത്രമാണ് യുഡിഎഫിന് ഒപ്പം നിന്നത്. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലാണ് ഇത്തവണ പ്രവചനാതീതമായ പോരാട്ടം നടക്കുന്നത്. കൊല്ലം, ചവറ, കുന്നത്തൂര്‍, കുണ്ടറ, പത്തനാപുരം എന്നീ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നിര്‍ണ്ണായകമായിരിക്കും.

എറണാകുളത്ത് തൃപ്പൂണിത്തുറ തിരിച്ചുപിടിക്കാമെന്ന് കരുതുമ്പോഴും ജില്ലയില്‍ കോണ്‍ഗ്രസിന് അനുകൂലമായ വിധിയെഴുത്തുണ്ടാകില്ലെന്നാണ് സിപിഐഎം വിലയിരുത്തല്‍. കഴിഞ്ഞ തവണ അഞ്ച് സീറ്റുകള്‍ മാത്രമാണ് എല്‍ഡിഎഫിന് ലഭിച്ചതാണ്. സിറ്റിങ് സീറ്റുകളായ കൊച്ചി, വൈപ്പിന്‍, കുന്നത്തുനാട്, കളമശ്ശേരി, കോതമംഗലം എന്നീ അഞ്ച് മണ്ഡലങ്ങളും ഇത്തവണ നിലനിര്‍ത്താന്‍ സാധിക്കുമെന്ന് പാര്‍ട്ടി അവകാശപ്പെടുന്നു. ഇതിനുപുറമെ, മുന്‍പ് പാര്‍ട്ടിയുടെ പക്കലുണ്ടായിരുന്ന തൃപ്പൂണിത്തുറ മണ്ഡലം ഇത്തവണ അധികമായി നേടാനാകുമെന്നതാണ് ജില്ലാ സെക്രട്ടറിയറ്റിന്റെ പ്രധാന വിലയിരുത്തല്‍.

ആലപ്പുഴയില്‍ ശക്തമായ മത്സരം നടന്ന അമ്പലപ്പുഴയില്‍ വിജയ പ്രതീക്ഷയിലുണ്ടെങ്കിലും അത് നേരിയ വോട്ടിനാകുമെന്നും സിപിഎം കരുതുന്നു. അതേസമയം രണ്ടായിരം വോട്ടിന് പരാജയപ്പെടുമെന്ന ആശങ്കയും സിപിഎം അവലോകനത്തില്‍ വ്യക്തമാകുന്നു. അമ്പലപ്പുഴയില്‍ ബിജെപി വോട്ടുകള്‍ വ്യക്തതയില്ലാത്തതിനാലാണ് ഇത്തരത്തില്‍ രണ്ട് കണക്കുകള്‍ പാര്‍ട്ടിക്ക് കൈമാറേണ്ടി വന്നത്. അമ്പലപ്പുഴയില്‍ ഇത്തവണ വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന ആശങ്ക പാര്‍ട്ടി നേതൃത്വത്തിനുണ്ട്.ജില്ലയിലെ ആകെയുള്ള ഒന്‍പത് സീറ്റുകളില്‍ ഏഴിടത്ത് വിജയിക്കാന്‍ കഴിയുമെന്നാണ് സിപിഎമ്മിന്റെ പൊതുവായ കണക്കുകൂട്ടല്‍. എന്നാല്‍ ഘടകകക്ഷിയായ എന്‍സിപി മത്സരിക്കുന്ന കുട്ടനാട് കൈവിട്ടേക്കും. യുഡിഎഫിന്റെ പക്കലുള്ള ഹരിപ്പാട് സീറ്റ് ഇത്തവണയും ലഭിക്കില്ലെന്നും പാര്‍ട്ടിയുടെ പ്രാഥമിക വിലയിരുത്തലില്‍ പറയുന്നു. അരൂര്‍, ആലപ്പുഴ, കായംകുളം എന്നീ മണ്ഡലങ്ങളില്‍ ചെറിയ ഭൂരിപക്ഷം മാത്രമേ ഉണ്ടാകൂ എന്ന് പാര്‍ട്ടി കരുതുന്നു. ചെങ്ങന്നൂരില്‍ 20000 വോട്ടിന് മുകളിലുള്ള വന്‍ ഭൂരിപക്ഷമാണ് സിപിഎം കണക്കാക്കുന്നത്. ചേര്‍ത്തലയിലും മാവേലിക്കരയിലും മികച്ച വിജയം നേടാന്‍ കഴിയുമെന്നും പാര്‍ട്ടി വിശ്വസിക്കുന്നു. 2021ല്‍ ആലപ്പുഴ ജില്ലയില്‍ ഹരിപ്പാട് സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞത്. മറ്റ് എട്ടിടത്തും എല്‍ഡിഎഫിനായിരുന്നു വിജയം.

ഇടുക്കി ജില്ലയിലെ പ്രാഥമിക വിലയിരുത്തലില്‍ എല്‍ഡിഎഫിന് ആശങ്കയും ആത്മവിശ്വാസവും ഒരുപോലെ നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ തവണ എല്‍ഡിഎഫിനൊപ്പം നിന്ന പീരുമേട് നിയമസഭാ മണ്ഡലം ഇത്തവണ നഷ്ടമായേക്കുമെന്നാണ് വിലയിരുത്തല്‍. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി സിറിയക് തോമസിന് അനുകൂലമായുണ്ടായ സഹതാപ തരംഗം എല്‍ഡിഎഫിന് തിരിച്ചടിയായേക്കാം. ഉടുമ്പഞ്ചോലയിലും ഇടുക്കിയിലും വിജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് ജില്ലാ നേതൃത്വം. ദേവികുളം മണ്ഡലത്തില്‍ ഇത്തവണ അതിശക്തമായ മത്സരമാണ് നടന്നതെന്നാണ് സിപിഎം വിലയിരുത്തുന്നത്. ഇടുക്കി ജില്ലയിലെ മറ്റ് മണ്ഡലങ്ങളെ അപേക്ഷിച്ച് ഇവിടെ ഫലം പ്രവചനാതീതമാണെങ്കിലും വിജയസാധ്യത പാര്‍ട്ടി തള്ളിക്കളയുന്നില്ല. പത്തനംതിട്ടയിലെ ആറന്‍മുളയില്‍ മന്ത്രി വീണാ ജോര്‍ജ് 7000ലധികം വോട്ടിന് ജയിക്കുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

മലപ്പുറം ജില്ലയിലെ പ്രാഥമിക വിലയിരുത്തലുകള്‍ അനുസരിച്ച് രണ്ട് സീറ്റുകള്‍ മാത്രമാണ് സിപിഐഎം പ്രതീക്ഷിക്കുന്നതെന്നാണ് റിപ്പോർട്ട്. മന്ത്രി വി. അബ്ദുറഹിമാന്‍ മത്സരിക്കുന്ന തിരൂരില്‍ പ്രതീക്ഷാജനകമല്ലെന്നാണ് വിലയിരുത്തൽ . അതിശക്തമായ പോരാട്ടം നടന്നുവെങ്കിലും മണ്ഡലത്തില്‍ വിജയം ഉറപ്പില്ലെന്നും, ഒരുപക്ഷേ യുഡിഎഫ് സ്ഥാനാര്‍ഥി ചെറിയ ഭൂരിപക്ഷത്തിന് വിജയിച്ചേക്കാമെന്നും വിലയിരുത്തലുണ്ട്. ഇതിന് പുറമെ, താനൂരും ഇത്തവണ സിപിഎമ്മിനെ കൈവിടുമെന്നാണ് വിലയിരുത്തല്‍. നേരത്തെ അബ്ദുറഹിമാന്‍ രണ്ടുതവണ മത്സരിച്ച മണ്ഡലമാണ് താനൂര്‍. കഴിഞ്ഞ തവണ നാലുസീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചിരുന്നു. തവനൂരും പൊന്നാനിയും നിലനിര്‍ത്താന്‍ കഴിയുമെന്ന നേരിയ ആശ്വാസത്തിലാണ് സിപിഐഎം നേതൃത്വം. തവനൂരില്‍ 3,000 മുതല്‍ 5,000 വരെ വോട്ടിന്റെ ഭൂരിപക്ഷമാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ തവണ വലിയ ഭൂരിപക്ഷം ഉണ്ടായിരുന്ന പൊന്നാനിയില്‍ ഇത്തവണ അത് 5,000-ത്തിനും 7,000-ത്തിനും ഇടയിലായി കുറയാന്‍ സാധ്യതയുണ്ടെന്നും പാര്‍ട്ടി നിരീക്ഷിക്കുന്നു.

കോഴിക്കോട് എട്ടുസീറ്റുകളില്‍ വിജയം ഉറപ്പാണെന്നാണ് സിപിഐഎം പ്രതീക്ഷിക്കുന്നത്. വടകര തിരിച്ചുപിടിക്കാനാകുമെന്നും സിപിഐഎം കരുതുന്നു. കോഴിക്കോട് സൗത്ത്, കുന്ദമംഗലം, നാദാപുരം, കുറ്റ്യാടി, കൊയിലാണ്ടി സീറ്റുകള്‍ നഷ്ടമായേക്കുമെന്നാണ് വിലയിരുത്തല്‍. തിരുവമ്പാടി, പേരാമ്പ്ര, കോഴിക്കോട് ഒന്ന്, എലത്തുര്‍, ബേപ്പൂര്‍, ബാലുശേരി മണ്ഡലങ്ങളില്‍ വിജയം സുനിശ്ചിതമാണെന്നും സിപിഎം കണക്കുകൂട്ടുന്നു.

കണ്ണൂരില്‍ കഴിഞ്ഞ തവണത്തേ സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സിപിഐഎം. എന്നാല്‍ പേരാവൂരില്‍ അട്ടിമറി വിജയം നേടാന്‍ സാധ്യതയില്ലെന്നാണ് സിപിഎം വിലയിരുത്തല്‍. കാസര്‍കോട് ജില്ലയിലെ സിപിഎമ്മിന്റെ സിറ്റിങ് സീറ്റുകളില്‍ ഇത്തവണ കടുത്ത മത്സരം നടന്നുവെന്നാണ് പാര്‍ട്ടിയുടെ പ്രാഥമിക വിലയിരുത്തല്‍. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ന്യൂനപക്ഷ ഏകീകരണം ഉണ്ടായതായും അവിടെ 4,900 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നും മണ്ഡലം കമ്മിറ്റിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഉദുമയില്‍ 1,500 വോട്ടുകള്‍ക്ക് പിന്നിലാണെന്ന റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടിക്ക് നേരിയ ആശങ്ക നല്‍കുന്നു.

2021ല്‍ കാസര്‍ഗോഡ്  ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ മൂന്നിലും എല്‍ഡിഎഫിനായിരുന്നു വിജയം. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങള്‍ മാത്രമാണ് യുഡിഎഫിനൊപ്പം നിന്നത്. അതേസമയം, കാസര്‍ഗോഡ്  മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 40,000-ത്തിലധികം വോട്ടുകള്‍ നേടുമെന്നും മഞ്ചേശ്വരത്തെ പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകില്ലെന്നും വിലയിരുത്തുന്നതിലൂടെ ജില്ലയിലെ സ്വാധീനം നിലനിര്‍ത്താമെന്ന പ്രതീക്ഷയിലാണ് സിപിഎം നേതൃത്വം.


facebook twitter