ന്യൂഡൽഹി:ഇന്ത്യയുടെ സാമ്പത്തികാവസ്ഥയ്ക്ക് വെല്ലുവിളിയുയർത്തി ഇന്ത്യക്ക് മേൽ 25 ശതമാനം അധിക താരിഫ് ഏർപ്പെടുത്തി ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന് തിരിച്ചടിയായാണ് അമേരിക്കൻ പ്രസിഡന്റിന്റെ പ്രഖ്യാപനം. ഇതോടെ ഇന്ത്യക്ക് മേലുള്ള അമേരിക്കൻ താരിഫ് 50 ശതമാനമായി ഉയരും. ഇതുസംബന്ധിച്ച ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.ഇന്ന് പ്രഖ്യാപിച്ച തീരുവ മൂന്നാഴ്ചയ്ക്കകം പ്രാബല്യത്തിൽ വരും. ഇതോടെ ചെറിയ ഇളവുകൾ നൽകിയിട്ടുള്ളവ ഒഴികെ, ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ആകെ തീരുവ 50 ശതമാനമാകും. സ്റ്റീൽ, അലുമിനിയം തുടങ്ങിയ പ്രത്യേക മേഖലകൾക്കും ഫാർമസ്യൂട്ടിക്കൽസ് പോലുള്ള വിഭാഗങ്ങൾക്കുമാണ് ഇളവുകൾ.ഇന്ത്യ നല്ലൊരു വ്യാപാര പങ്കാളിയല്ലെന്ന് ഇന്നലെ ട്രംപ് ആരോപിച്ചിരുന്നു. യുക്രെയ്നെതിരായ യുദ്ധത്തില്‍ ഇന്ത്യ റഷ്യയ്ക്ക് സഹായം ചെയ്യുകയാണെന്നും ട്രംപ് ആരോപിച്ചു.
യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യക്ക് മേൽ അമേരിക്കയും സഖ്യകക്ഷികളും ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിനിടെ റഷ്യയിൽ നിന്ന് വൻതോതിൽ ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തതാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഇത് വഴി റഷ്യയെ ഇന്ത്യ സഹായിക്കുന്നുവെന്നാണ് ട്രംപിന്റെ ആരോപണം.നേരത്തെ ഇന്ത്യയുടെ ചരക്കുകൾക്ക് അമേരിക്ക 25 ശതമാനം താരിഫ് ഏർപ്പെടുത്തിയിരുന്നു. ഇതിന് പുറമെയാണ് പുതിയ 25 ശതമാനം അധിക താരിഫ് ഏർപ്പെടുത്തിയത്.