ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയില്‍ വച്ച് എംപി സുധാ രാമകൃഷ്ണന്റെ സ്വര്‍ണമാല കവര്‍ന്ന കേസിലെ പ്രതി പിടിയില്‍. ഇയാളുടെ പക്കല്‍നിന്നും തൊണ്ടിമുതല്‍ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ സുധ താമസിക്കുന്ന തമിഴ്‌നാട് ഭവന് സമീപമാണ് സംഭവം നടന്നത്. സ്‌കൂട്ടറില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ ഒരാള്‍ മാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു.വിദേശ എംബസികളും വിഐപി വസതികളും ഉള്ള ഡല്‍ഹിയിലെ ഏറ്റവും സുരക്ഷിത മേഖലയില്‍നിന്നും ഒരാള്‍, ഒരു എംപിയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞത് പോലീസിനുനേരെ വലിയ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പിന്നാലെയാണ് രണ്ടാംദിവസം പ്രതിയെ ഡല്‍ഹി പോലീസ് പിടികൂടിയിരിക്കുന്നത്. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
ദൃശ്യങ്ങളില്‍ ഒരു നീല സ്‌കൂട്ടര്‍ കണ്ടിരുന്നതായും ഇതേ വാഹനം ഒരു മണിക്കൂറോളം ചാണക്യപുരിക്ക് സമീപമുള്ള മോത്തിബാഗ് എന്ന സ്ഥലത്ത് കറങ്ങിയിരുന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു. മോഷണത്തിന് ശേഷവും സ്‌കൂട്ടര്‍ മോത്തിബാഗിലേക്കാണ് പോയത്.പ്രതി ഈ സ്ഥലത്തുതന്നെ ഉള്ള ആളാണെന്നോ ഒന്നുമുള്ള വിവരങ്ങള്‍ ലഭ്യമല്ല. തമിഴ്‌നാട്ടിലെ മയിലാടുതുറൈയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയാണ് ആര്‍. സുധ.