+

ദൃശ്യം മോഡല്‍ കൊലപാതകം?; മോഷണക്കേസ് തെളിയിക്കുന്നതിനിടെ കൊലപാതകം പുറത്തായി; ഒന്നരവര്‍ഷം മുന്‍പ് കോഴിക്കോട് നിന്നും കാണാതായ ആളുടെ മൃതദേഹം തമിഴ്‌നാട്ടിലെ വനത്തിൽ നിന്നും കണ്ടെടുത്തു; മൂന്നുപേര്‍ പിടിയില്‍

കോഴിക്കോട്:  ഒന്നര വർഷം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മായനാട് താമസിച്ചിരുന്ന ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ മൃതദേഹമാണ് കണ്ടെടുത്തത്. സാമ്പത്തിക തർക്കത്തെ തുടർന്ന് ഒരു സംഘം ഹേമചന്ദ്രനെ കൊന്ന് തമിഴ്നാടിലെ ചേരമ്പാടിയിലെ വനത്തിൽ കുഴിച്ചിടുകയായിരുന്നു.രഹസ്യമായി നടത്തിയ അന്വേഷണത്തിലൂടെയാണ് കോഴിക്കോട് പൊലീസ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. മുന്ന് പേരെ കസ്​റ്റഡിയിൽ എടുത്തിട്ടുണ്ട്. ഹേമചന്ദ്രനെ കാണാതായ ദിവസം തന്നെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

സംഭവസ്ഥലത്ത് കേരള പൊലീസും തമിഴ്നാട് പൊലീസും ഡോഗ് സ്‌ക്വാഡും എത്തിയാണ് ഇന്ന് രാവിലെ എട്ട് മണിയോടെ പരിശോധന നടത്തിയത്.പ്രതികളിലൊരാളാണ് ഹേമചന്ദ്രനെ കുഴിച്ചിട്ട സ്ഥലം പൊലീസിന് കാണിച്ചുകൊടുത്തത്. ഹേമചന്ദ്രന്റെ ഫോണുപയോഗിച്ച് പ്രതികൾ കുടുംബത്തെ കബളിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിനാണ് ഹേമചന്ദ്രനെ  കാണാനില്ലെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. തുടർന്ന് അന്വേഷണം നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.അടുത്തിടെ പ്രതികളിലൊരാളെ മോഷണക്കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയിരുന്നു. അയാളിൽ നിന്ന് ലഭിച്ച ചില സൂചനകളാണ് ഹേമചന്ദ്രന്റെ തിരോധാന വിവരം പുറത്തുവരാനിടയാക്കിയത്. ചെറുകിട ചിട്ടി നടത്തുന്നയാളായിരുന്നു ഹേമചന്ദ്രൻ. ഇയാൾ കുറച്ചാളുകൾക്ക് പണം നൽകാനുണ്ടായിരുന്നു. ഇതിനിടയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തേക്ക് വരാൻ ഹേമചന്ദ്രനോട് പ്രതികൾ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് അവർ ഹേമചന്ദ്രനെ ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. പി​റ്റേദിവസം ഹേമചന്ദ്രൻ മരിച്ചു. തൊട്ടടുത്ത ദിവസം പ്രതികൾ മൃതദേഹം ചേരമ്പാടിയിലെത്തിച്ച് കുഴിച്ചിടുകയായിരുന്നുവെന്നുമാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്.



facebook twitter