കാഠ്മണ്ഡു: ഫെയ്സ്ബുക്ക്, വാട്സാപ്പ്, യൂട്യൂബ് ഉൾപ്പെടെ 26ഓളം സമൂഹമാധ്യമങ്ങള്‍ വിലക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ നേപ്പാളില്‍ യുവജനങ്ങള്‍ തെരുവിലിറങ്ങി. നേപ്പാള്‍ പാര്‍ലമെന്‍റിന് സമീപം പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. ഇതോടെ സുരക്ഷാ ജീവനക്കാര്‍ പ്രതിഷേധക്കാര്‍ക്ക് നേരെ നിറയൊഴിച്ചു. 19 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് . 80 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
'അഴിമതിക്കും ഏകാധിപത്യത്തിനുമെതിരെ ജെന്‍ സീ റവല്യൂഷന്‍' എന്ന ബാനര്‍ എഴുതിയാണ് യുവതീയുവാക്കള്‍ തെരുവിലിറങ്ങിയത്. പൊലീസ് ബാരിക്കേഡുകള്‍ വലിച്ചെറിഞ്ഞും നിയന്ത്രണങ്ങള്‍ ലംഘിച്ചുമായിരുന്നു പ്രതിഷേധം. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതിന് പിന്നാലെ കാഠ്മണ്ഡുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പാര്‍ലമെന്‍റുള്‍പ്പടെയുള്ള പ്രദേശങ്ങളുടെ സുരക്ഷയും ഒലി സര്‍ക്കാര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ക്ക് സെപ്റ്റംബര്‍ നാല് മുതലാണ് നേപ്പാള്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്.
വാര്‍ത്താവിനിമയ മന്ത്രാലയത്തിന്‍റെ ചട്ടങ്ങള്‍ പാലിച്ചില്ലെന്ന കാരണത്തെ തുടര്‍ന്നായിരുന്നു വിലക്ക്. വിവരവിനിമയ മന്ത്രാലയത്തിന് കീഴില്‍ റജിസ്റ്റർ ചെയ്യാത്ത പ്ലാറ്റ്‌ഫോമുകൾ സസ്‌പെൻഷൻ നേരിടേണ്ടിവരുമെന്ന് സർക്കാർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. തുടര്‍ന്ന് ഇതിനായി ഏഴുദിവസത്തെ സമയവും അനുവദിച്ചുവെങ്കിലും വാട്സാപ്പും ഫെയ്സ്ബുക്കുമുള്‍പ്പടെയുള്ളവ ഇത് പാലിച്ചില്ല. ഇതോടെയാണ് വിലക്ക് ബാധകമായത്.