+

ബീഹാര്‍ ബീഡി പരാമര്‍ശം; kPCC ഡിജിറ്റൽ മീഡിയ സെല്ലിന് നിയന്ത്രണം

ബംഗാളും ബിഹാറും തുടങ്ങുന്നത് ബിയിലാണ് എന്ന വിവാദമായ എക്‌സ് പോസ്റ്റിന് പിന്നാലെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി കോണ്‍ഗ്രസ് നേതൃത്വം. ദേശീയ വിഷയങ്ങളില്‍ കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ഇടപെടേണ്ട. കേരളത്തിലെ വിഷയങ്ങളില്‍ കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, യുഡിഎഫ് കണ്‍വീനര്‍ എന്നിവരുടെ അനുമതിയോടെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാമെന്നും കെപിസിസി നേതൃയോഗത്തില്‍ തീരുമാനമായി.

അതേസമയം ഡിജിറ്റല്‍ മീഡിയ സെല്‍ ഭാരവാഹിത്വത്തില്‍ നിന്ന് വിടി ബല്‍റാം രാജിവച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. വിവാദമായ പോസ്റ്റിന്റെ പശ്ചാത്തലത്തില്‍ വി ടി ബല്‍റാം രാജിവെക്കുകയോ പാര്‍ട്ടി അദ്ദേഹത്തിനെതിരെ നടപടി എടുക്കുകയോ ചെയ്തിട്ടില്ല. കെപിസിസി വൈസ് പ്രസിഡന്റായ ബല്‍റാം അധികചുമതലയായി വഹിക്കുന്ന ഡിഎംസി ചെയര്‍മാന്‍ പദവിയില്‍ അദ്ദേഹം ഇപ്പോഴും തുടരുകയാണ്.

എന്നാല്‍ അദ്ദേഹത്തിന്റെ കൂടി അഭിപ്രായം അനുസരിച്ച് വരുന്ന പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ സാമൂഹ്യ മാധ്യമ വിഭാഗം പുനഃസംഘടിപ്പിക്കാനുള്ള നടപടികള്‍ പാര്‍ട്ടിയുടെ അജണ്ടയിലുണ്ടെന്ന് കെപിസിസി പ്രസിഡന്റ് പ്രസ്താവനയില്‍ പറഞ്ഞു. ഇങ്ങനെയൊരു സൈബര്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് അറിയില്ലെന്ന് പറഞ്ഞ വിഡി സതീശന് പ്രവര്‍ത്തകര്‍ പരസ്യമായി മറുപടി നല്‍കി. കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ മീഡിയ സെല്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയാത്തവര്‍ക്കായി എന്ന തലക്കെട്ടോടെ വീ സതീശന്‍ പറഞ്ഞ വിവിധ വാചകങ്ങള്‍ അടങ്ങിയ കാര്‍ഡ് പോസ്റ്റ് ചെയ്തായിരുന്നു മറുപടി.


facebook twitter