ഫരീദാബാദ്: എയര്‍ കണ്ടീഷണര്‍ കംപ്രസര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചു.ഫരീദാബാദിലെ ഗ്രീന്‍ ഫീല്‍ഡ് കോളനിയില്‍ ആണ് നടുക്കുന്ന സംഭവം. സച്ചിന് കപൂര്‍ (49), ഭാര്യ റിങ്കു കപൂര്‍ (48), മകള്‍ സുജ്ജയ്ന്‍ (13) എന്നിവരാണ് മരിച്ചത്. ഇവരുടെ വളര്‍ത്തുനായയും കൊല്ലപ്പെട്ടു.കുടുംബം ഉറക്കത്തിലായിരിക്കെ ഞായറാഴ്ച പുലര്‍ച്ചെയാണ് സ്ഫോടനമുണ്ടായത്. നാലുനിലകളിലുള്ള കെട്ടിടത്തില്‍ വാടകയ്ക്ക് താമസിക്കുന്നവരാണ് അപകടത്തില്‍പ്പെട്ടത്.
ഒന്നാം നിലയിലാണ് സ്ഫോടനം നടന്നതെങ്കിലും രണ്ടാം നിലയില്‍ താമസിക്കുന്നവരാണ് അപകടത്തില്‍പ്പെട്ടത്. ഒന്നാംനിലയിലെ എസി കംപ്രസര്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് കുടുംബം അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ഒന്നാം നിലയില്‍ ആള്‍ത്താമസം ഉണ്ടായിരുന്നില്ല. മരിച്ചവരെല്ലാം ഒരു മുറിയിലാണ് കിടന്നിരുന്നതെന്നാണ് വിവരം.മറ്റൊരു മുറിയിലുണ്ടായിരുന്ന ദമ്പതികളുടെ 24-കാരനായ മകന് ആര്യന് കപൂര്‍ അസ്വസ്ഥത അനുഭവപ്പെട്ടതോടെ അപകടം തിരിച്ചറിഞ്ഞ് ജനലിലൂടെ താഴേക്ക് ചാടി രക്ഷപ്പെട്ടുവെങ്കിലും ഗുരുതരമായി പരിക്കേറ്റു.
കുടുംബം ടെറസിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വാതില്‍ പൂട്ടിയ നിലയിലായിരുന്നു. ഇതേത്തുടര്‍ന്ന് ശ്വാസംമുട്ടിയാണ് മൂന്ന് പേരും അവരുടെ വളര്‍ത്തുനായയും മരിച്ചതെന്ന് പൊലീസ് പറഞ്ഞു.