ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ ഭരണ പ്രതിപക്ഷ എംപിമാര്‍ ഇന്ന് യോഗം ചേരും. പഴയ പാര്‍ലമെന്റ് മന്ദിരമായ സംവിധാന്‍ സദനിലെ സെന്‍ട്രല്‍ ഹാളില്‍ നടക്കുന്ന പ്രതിപക്ഷ എംപിമാരുടെ യോഗത്തില്‍ വോട്ടെടുപ്പിന്റെ മോക് ഡ്രില്ലും നടക്കും. വോട്ടെടുപ്പിന്റെ നടപടിക്രമങ്ങള്‍ വിശദീകരിക്കും. വോട്ടുകള്‍ അസാധുവാകുന്ന സാഹചര്യമൊഴിവാക്കാനും വോട്ടിംഗ് പ്രക്രിയ പുതിയ എംപിമാര്‍ക്ക് വ്യക്തമാക്കി കൊടുക്കാനുമാണിത്. എന്‍ഡിഎയുടെ മോക്ഡ്രില്ലും ശില്പശാലയും കഴിഞ്ഞ ദിവസം നടന്നിരുന്നു. പാര്‍ലമെന്റ് കോംപ്ലക്സിലെ ജി.എം.സി ബാലയോഗി ഓഡിറ്റോറിയത്തില്‍ ഇന്നലെ സംഘടിപ്പിച്ച ശില്പശാലയില് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തിരുന്നു. യോഗത്തിന് ശേഷം പ്രതിപക്ഷ എംപിമാര്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും എന്‍ഡിഎ എംപിമാര്‍ക്ക് പ്രധാനമന്ത്രിയും അത്താഴ വിരുന്ന് ഒരുക്കും. 783 എംപിമാരാണ് വോട്ട് രേഖപ്പെടുത്തുക. എന്‍ഡിഎയ്ക്ക് 422 പേരും പ്രതിപക്ഷത്ത് 320 പേരും ആണ് നിലവില്‍ ഉള്ളത്. വിജയ സാധ്യത ഇല്ലെങ്കിലും പരമാവധി വോട്ടുറപ്പിക്കുക എന്നതാണ് പ്രതിപക്ഷത്തിന്റെ ലക്ഷ്യം.