മധ്യസ്ഥ ചര്‍ച്ചകള്‍ പൂര്‍ത്തിയായി; മോചനത്തിന് നല്‍കേണ്ടത് 5.5 മില്യണ്‍ ഡോളര്‍; ഗോത്ര തലവന്മാരുമായി ചര്‍ച്ച നടന്നത് ആഗോളവ്യവസായി ജേക്കബ് ചെറുവള്ളിലിന്റെ നേതൃത്വത്തില്‍

05:27 PM Aug 13, 2025 | വെബ് ടീം

യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ പൂര്‍ത്തിയായി. സുപ്രധാന വിവരം  ജേക്കബ് ചെറുവള്ളിലാണ് കേരളവിഷന്‍ ന്യൂസിനോട് അറിയിച്ചിരിക്കുന്നത്. 5.5 മില്യണ്‍ യുഎസ് ഡോളര്‍ ആണ് മോചനത്തിനായി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ തുക നല്കിയാല്‍ വധശിക്ഷയില്‍ നിന്ന് നിമിഷപ്രിയയെ ഒഴിവാക്കുക മാത്രമല്ല, മോചിപ്പിക്കുകയും ചെയ്യും. യെമനിലെ ജയിലിൽ നിന്ന് നേരേ ഇന്ത്യയിലേക്കുള്ളവിമാനത്തില്‍ എത്തിക്കുന്നത് അടക്കമുള്ള വ്യവസ്ഥകളാണ് മുന്നോട്ടുവച്ചിട്ടുള്ളത്. ചര്‍ച്ച നടത്താനുള്ള  അധികാരപത്രമായ പവര്‍ ഓഫ് അറ്റോണി ആഴ്ചകള്‍ക്ക് മുമ്പേ ജേക്കബ് ചെറുവളളിലിന് ലഭിച്ച കാര്യവും മധ്യസ്ഥ ചര്‍ച്ചകള്‍ തുടങ്ങിയ കാര്യവും കേരളവിഷന്‍ ന്യൂസ് എക്സ്ക്ലൂസീവായി റിപ്പോ‍‍ര്‍ട്ട് ചെയ്തിരുന്നു. കൊല്ലപ്പെട്ട തലാ‍ൽ അബ്ദുൾ മഹ്ദിയുടെ ഗോത്രവിഭാഗത്തിൻ്റെ തലവന്മാരുമായുള്ള ച‍ര്‍ച്ചയാണ് ഇപ്പോള്‍ പൂ‍ര്‍ത്തിയായത്.

മധ്യസ്ഥത വിജയിച്ചാൽ വധശിക്ഷ ഒഴിവാക്കിക്കിട്ടുമെന്ന കാര്യവും നേരത്തേ കേരളവിഷൻ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. യെമനിലെ അഞ്ചു പ്രമുഖ വ്യക്തികളെയാണ് ജേക്കബ് ചെറുവള്ളിൽ മധ്യസ്ഥതയ്ക്കായി നിയോഗിച്ചിരുന്നത്. ആ ചര്‍ച്ചയാണ് ഇപ്പോള്‍ വിജയിച്ചിരിക്കുന്നത്. മോചനത്തുക നല്കിയാൽ മോചനം ഉറപ്പ് എന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയെന്നാണ് ജേക്കബ് ചെറുവള്ളില്‍ കേരളവിഷന്‍ ന്യൂസിനോട് അറിയിച്ചിരിക്കുന്നത്. സുപ്രധാന അധികാരമുള്ള ഒരു കോര്‍ഡിനേറ്റര്‍, യെമനിലെ ഹൂതികൾക്കിടയിലെ സ്വാധീനശേഷിയുള്ള പ്രധാന ഇൻഫ്ളുവൻസ‍ര്‍, യെമൻ്റെ തലസ്ഥാനമായ സനായിലെ ഡപ്യൂട്ടി റിപ്പബ്ലിക് ഓഫ് ഗവ‍ര്‍ണറേറ്റ്, അല്‍ജൂഫ് സ്റ്റേറ്റ് ഗവര്‍ണര്‍. യെമൻ മുൻ പ്രതിരോധ മന്ത്രി തുടങ്ങിയവരാണ് മധ്യസ്ഥ ചര്‍ച്ച നടത്തിയത്. ആ ചര്‍ച്ചയിലാണ് നിമിഷപ്രിയയുടെ മോചനത്തിനായി 5.5 മില്യണ്‍ യുഎസ് ഡോളര്‍ ഗോത്രസംഘം ആവശ്യപ്പെട്ടിരിക്കുന്നത്. 

ഇന്ത്യ-ഇസ്രയേല്‍-യുഎഇ-അമേരിക്ക ഗ്ലോബല്‍ ട്രേഡ് കൗൺസിൽ ചെയര്‍മാൻ കൂടിയായ ജേക്കബ് ചെറുവള്ളില്‍ നടത്തിയ മധ്യസ്ഥതയിലാണ് ഇപ്പോള്‍ മോചനത്തുകയുടെ കാര്യത്തിൽ തീരുമാനമായിരിക്കുന്നത്. ഇനിയുള്ള കടമ്പ,  ഈ വലിയ തുക ആര് എങ്ങനെ എപ്പോള്‍ സംഘടിപ്പിച്ച് കൊടുക്കുമെന്നതാണ്. അതാണ് നിമിഷപ്രിയയുടെ മോചനത്തിൻ്റെ അടുത്ത ഘട്ടം.

More News :