പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാലദ്വീപ് സന്ദര്‍ശനം തുടരുന്നു

10:23 AM Jul 26, 2025 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാലദ്വീപ് സന്ദര്‍ശനം തുടരുന്നു. ഇന്ന് നടക്കുന്ന മാലദ്വീപ് സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവുമായി ഇന്നലെ നടന്ന കൂടിക്കാഴ്ചകള്‍ക്ക് പിന്നാലെ സുപ്രധാനമായ എട്ട് കരാറുകൡ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഊഷ്മളമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് കരാറുകള്‍. ഇതനുസരിച്ച് മാലദ്വീപിന് 4850 കോടി രൂപയുടെ സാമ്പത്തിക സഹായം നല്‍കാനും ധാരണയായിട്ടുണ്ട്. 


മത്സ്യബന്ധന,അക്വാകള്‍ച്ചര്‍,കാലാവസ്ഥാ സേവനങ്ങള്‍,ടൂറിസം, പരിസ്ഥിതി മേഖലകളിലെ സഹകരണം, കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയവും മാലദ്വീപ് ആഭ്യന്തര സുരക്ഷാ,സാങ്കേതിക മന്ത്രാലയവും തമ്മിലുള്ള സഹകരണം എന്നിവയടക്കം എട്ട് കരാറുകളിലാണ് ഒപ്പുവച്ചത്. ഇന്ത്യ മാലദ്വീപ് സ്വതന്ത്ര വ്യാപാര കരാറിന്റെ വാര്‍ഷിക കടം തിരിച്ചടക്കുന്നതിലെ ബാധ്യതകള്‍ കുറയ്ക്കുന്നതിനുള്ള ഭേദഗതിയിലും ധാരണയായി.