+

തിരുവനന്തപുരം ഡിസിസി ചുമതല എന്‍.ശക്തന്; നടപടി പാലോട് രവി രാജിവെച്ചതിനെ തുടര്‍ന്ന്

പാലോട് രവി രാജിവെച്ച ഒഴിവില്‍ തിരുവനന്തപുരം ഡിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതല മുൻ സ്പീക്കർ എൻ. ശക്തന് നൽകി. ഇന്ന് രാവിലെ ചേർന്ന കെപിസിസി അടിയന്തര യോഗത്തിലാണ് നിർണായക തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാൻ മുതിർന്ന നേതാവായ ശക്തന് കഴിയുമെന്ന വിലയിരുത്തലിലാണ് നേതൃത്വം ഈ തീരുമാനത്തിലെത്തിയത്.

പാര്‍ട്ടി പ്രവര്‍ത്തകനുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തായതോടെയാണ് പാലോട് രവി കടുത്ത സമ്മര്‍ദ്ദത്തിലായത്. സംസ്ഥാനത്ത് മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നും കോണ്‍ഗ്രസ് രക്ഷപ്പെടില്ലെന്നും പറയുന്ന ശബ്ദരേഖ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേത്തുടർന്ന് കെപിസിസി നേതൃത്വം രവിയിൽ നിന്ന് വിശദീകരണം തേടുകയും രാജി ആവശ്യപ്പെടുകയുമായിരുന്നു. നേതൃത്വത്തിന്റെ നിർദേശം അംഗീകരിച്ച് അദ്ദേഹം ഇന്നലെ വൈകുന്നേരത്തോടെ രാജി സമർപ്പിച്ചു.


തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ, ഡിസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞുകിടക്കുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്ന എഐസിസി നിര്‍ദേശത്തെ തുടര്‍ന്നാണ് കെപിസിസി അടിയന്തരമായി യോഗം ചേർന്നത്. വി.എസ്. ശിവകുമാർ, എം. വിൻസെന്റ് തുടങ്ങിയവരുടെ പേരുകൾ പരിഗണനയിലുണ്ടായിരുന്നെങ്കിലും, ജില്ലയിലെ മുതിർന്ന നേതാവ്, മുൻ സ്പീക്കർ, ഗ്രൂപ്പുകൾക്ക് അതീതനായ നേതാവ് എന്നീ നിലകളിലുള്ള എൻ. ശക്തന്റെ പരിചയസമ്പത്ത് അദ്ദേഹത്തിന് അനുകൂല ഘടകമായി. പാർട്ടിക്കുള്ളിലെ വിഭാഗീയതകൾ പരിഹരിച്ച് മുന്നോട്ട് കൊണ്ടുപോകാൻ ശക്തന് കഴിയുമെന്നും നേതൃത്വം വിലയിരുത്തി.

എൻ. ശക്തൻ ഇന്ന് തന്നെ ചുമതലയേൽക്കുമെന്നാണ് സൂചന. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ശക്തൻ ഈ സ്ഥാനത്ത് തുടരാനാണ് സാധ്യത.

facebook twitter