+

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ്; സാന്ദ്ര തോമസിന്റെ ഹര്‍ജി തള്ളി എറണാകുളം സബ് കോടതി

കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനായി നൽകിയ നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ നിർമ്മാതാവ് സാന്ദ്ര തോമസ് നൽകിയ ഹർജി എറണാകുളം സബ് കോടതി തള്ളി. ഇതോടെ, നാളെ നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ സാന്ദ്ര തോമസിന് കഴിയില്ല.


അസോസിയേഷൻ ബൈലോ പ്രകാരമുള്ള യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വരണാധികാരി സാന്ദ്രയുടെ പത്രിക തള്ളിയത്. മൂന്ന് സിനിമകൾ സ്വന്തം പേരിൽ നിർമ്മിച്ചിരിക്കണം എന്നതാണ് യോഗ്യതാ മാനദണ്ഡം. എന്നാൽ, ഫ്രൈഡേ ഫിലിം ഹൗസ്, സാന്ദ്രാ തോമസ് പ്രൊഡക്ഷൻസ് എന്നീ ബാനറുകളിലായി ഒൻപത് സിനിമകൾ നിർമ്മിച്ചിട്ടുണ്ടെന്നും അതിനാൽ തനിക്ക് മത്സരിക്കാൻ യോഗ്യതയുണ്ടെന്നുമായിരുന്നു സാന്ദ്രയുടെ വാദം.


എന്നാൽ, ഈ വാദങ്ങൾ തള്ളിക്കൊണ്ടാണ് എറണാകുളം സബ് കോടതിയുടെ വിധി വന്നിരിക്കുന്നത്. കോടതി വിധി മാനിക്കുന്നുവെന്നും എന്നാൽ വിധിയിൽ നിരാശയുണ്ടെന്നും സാന്ദ്ര തോമസ് പ്രതികരിച്ചു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിഞ്ഞില്ലെങ്കിലും, ഫിലിം ചേംബറിൽ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് മത്സരിക്കുമെന്നും അവർ വ്യക്തമാക്കി.


തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മറ്റ് മൂന്ന് ഹർജികളും കോടതിയുടെ പരിഗണനയിലുണ്ടായിരുന്നു. ബൈലോയിൽ ഇല്ലാത്ത 'വരണാധികാരി' എന്ന തസ്തിക റദ്ദാക്കണമെന്നും, തിരഞ്ഞെടുപ്പ് താൽക്കാലികമായി നിർത്തിവെക്കണമെന്നും, കോടതിയുടെ മേൽനോട്ടത്തിൽ തിരഞ്ഞെടുപ്പ് നടത്തണമെന്നുമുള്ള ആവശ്യങ്ങളും കോടതി തള്ളി. ഇതോടെ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ് മുൻനിശ്ചയിച്ച പ്രകാരം നാളെ നടക്കും.



More News :
facebook twitter