'മുണ്ടുടുക്കാനും മലയാളത്തിൽ തെറി പറയാനും അറിയാം'; വി.ഡി. സതീശന് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

04:05 PM Apr 25, 2025 | വെബ് ടീം

കണ്ണൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മറുപടിയുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. മുണ്ടുടുക്കാനും വേണമെങ്കിൽ മുണ്ട് കുത്തിവെക്കാനും അറിയാമെന്നും മലയാളത്തിൽ നന്നായി സംസാരിക്കാൻ അറിയുന്നതിനൊപ്പം മലയാളത്തിൽ തെറി പറയാനും അറിയാമെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖറിന് മലയാളം അറിയില്ല എന്ന നിലക്ക് വി.ഡി. സതീശൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചതിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘എനിക്കു കേരള രാഷ്ട്രീയം അറിയില്ല എന്നാണ് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞത്. അത് നൂറുശതമാനം ശരിയാണ്. അഴിമതി നടത്തി ജനങ്ങളെ വഞ്ചിക്കുന്ന രാഷ്ട്രീയം എനിക്കറിയില്ല. അത് കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും രാഷ്ട്രീയമാണ്. എനിക്ക് വികസന രാഷ്ട്രീയമാണ് അറിയുക. ജനങ്ങളെ സേവിക്കാനാണ് അറിയുക. രണ്ടാമത്തെ ആരോപണം എനിക്കു മലയാളം അറിയില്ലെന്നാണ്. ഞാൻ തൃശൂരിൽ പഠിച്ചു വളർന്ന ആളാണ്. രാജ്യം മൊത്തം സേവനം ചെയ്ത പട്ടാളക്കാരൻ ചന്ദ്രശേഖരന്റെ മകനാണ്. ജനങ്ങളോട് വികസന സന്ദേശം മലയാളത്തിൽ പറയാനും അറിയാം. അതൊന്നും എന്നെയാരും പഠിപ്പിക്കേണ്ട’- രാജീവ് ചന്ദ്രശേഖർ പറഞ്ഞു.കണ്ണൂർ ജവഹർ ഹാളിൽ വികസിത കേരളം കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.