ഡൽഹിയിൽ മതിൽ ഇടിഞ്ഞുവീണ് രണ്ട് കുട്ടികളുൾപ്പെടെ ഏഴ് മരണം

03:20 PM Aug 09, 2025 | വെബ് ടീം

ന്യൂഡൽഹി: തെക്കുകിഴക്കൻ ഡൽഹിയിൽ കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞുവീണ് രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. ജയ്ത്പൂരിലെ ഹരി നഗറിലാണ് ദാരുണസംഭവം. മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നതായി ഡൽഹി പൊലീസ് സ്ഥിരീകരിച്ചു.മരിച്ച രണ്ട് പെൺകുട്ടികൾക്കും ഏഴ് വയസ്സാണ് പ്രായം. രവി ബുൾ (27), റുബീന (25), സഫികുൽ (27), മുട്ടൂസ് (50), ഡോളി (28) എന്നിവരാണ് മറ്റുള്ളവർ. 25കാരനായ ഹസിബുൾ എന്നയാൾക്ക് പരിക്കേറ്റു. രാത്രിയിൽ ഉണ്ടായ കനത്ത മഴയിൽ തകർന്ന മതിലിനടിയിൽ എട്ട് പേരും കുടുങ്ങി പോകുകയായിരുന്നു.എട്ടുപേരെയും ആശുപത്രിയിൽ എത്തിച്ചിരുന്നു. പിന്നീട് ഏഴ് പേരുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രദേശത്തെ പഴയ ക്ഷേത്രത്തിനടുത്ത് ആക്രി കച്ചവടം നടത്തുന്നവർ താമസിക്കുന്ന ഇടത്താണ് അപകടമുണ്ടായത്.