മലപ്പുറം കുറ്റിപ്പുറത്ത് വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്ന സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ ഒരു കുട്ടി ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
ഇന്ന് ഉച്ചയ്ക്ക് 12:15 ഓടെ കുറ്റിപ്പുറം പാലത്തിന് സമീപം കൈലാസ് ഓഡിറ്റോറിയത്തിന് മുന്നിലാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തിന് വഴിയൊരുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കോട്ടയ്ക്കൽ ഭാഗത്തുനിന്നുള്ള വിവാഹ സംഘമാണ് ബസിലുണ്ടായിരുന്നത്.
അപകടം നടന്നയുടൻ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം ആരംഭിച്ചു. ബസിനുള്ളിൽ കുടുങ്ങിയവരെ അതിവേഗം പുറത്തെടുത്ത് കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയ്ക്കൽ മിംസ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ക്രെയിൻ ഉപയോഗിച്ച് ബസ് റോഡിൽനിന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കുറ്റിപ്പുറം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.