ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. കുളത്തൂർ സ്വദേശിയായ യുവാവിനും താമരശ്ശേരി സ്വദേശിയായ മൂന്നുമാസം പ്രായമുള്ള കുഞ്ഞിനുമാണ് അപൂർവ രോഗമായ പ്രൈമറി അമീബിക് മെനിഞ്ചോഎൻസെഫലൈറ്റിസ് (പിഎഎം) സ്ഥിരീകരിച്ചത്. ഇരുവരും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ വീടുകളിൽ ആരോഗ്യവകുപ്പ് അധികൃതർ സന്ദർശനം നടത്തുകയും കുടിവെള്ള സ്രോതസ്സുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചതായി ഡിഎംഒ അറിയിച്ചു.
സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങിക്കുളിക്കുന്നവരിലാണ് ഈ രോഗം കണ്ടുവരുന്നത്. എന്നാൽ, മൂന്നുമാസം മാത്രം പ്രായമുള്ള കുഞ്ഞിന് എങ്ങനെ രോഗം ബാധിച്ചു എന്നത് ആരോഗ്യ വിദഗ്ധരെ ആശങ്കയിലാഴ്ത്തുന്നു. കുഞ്ഞിന്റെ രോഗ ഉറവിടം കണ്ടെത്തുന്നത് അന്വേഷണത്തിൽ നിർണായകമാകും.
കഴിഞ്ഞ ദിവസം താമരശ്ശേരി അനക്കാംപൊയിലിൽ ഒൻപത് വയസ്സുകാരി അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലയിൽ വീണ്ടും രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിക്കുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും മുഖവും വായും കഴുകുന്നതും ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് കർശന നിർദേശം നൽകിയിട്ടുണ്ട്.