അർബുദ ചികില്‍സയിൽ അതിനിർണായകമായേക്കാവുന്ന നേട്ടവുമായി റഷ്യ. റഷ്യയിൽ നിന്ന് കാൻസർ വാക്സിൻ അവസാനഘട്ടവും കടന്ന് ചികിത്സ രംഗത്തേക്ക് എത്താൻ തയാറാകുന്നു. റഷ്യയുടെ എംആര്‍എന്‍എ (mRNA) അധിഷ്ഠിത വാക്സിനായ എന്ററോമിക്സ് ക്ലിനിക്കൽ പരീക്ഷണങ്ങളിൽ 100% ഫലപ്രാപ്തിയും സുരക്ഷയും ഉറപ്പുനല്‍കിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ കാൻസറിനെ ചെറുക്കുന്നതില്‍ പുതിയ പ്രതീക്ഷയാണ് വാക്സിന് വാഗ്ദാനം ചെയ്യുന്നത്.
വാക്സിൻ ഇപ്പോൾ ക്ലിനിക്കൽ ഉപയോഗത്തിന് തയ്യാറാണെന്ന് ഫെഡറൽ മെഡിക്കൽ ആൻഡ് ബയോളജിക്കൽ ഏജൻസിയും (എഫ്എംബിഎ) പ്രഖ്യാപിച്ചുകഴിഞ്ഞു.ട്യൂമറുകളെ ചുരുക്കുകയും അവയുടെ വളർച്ച മന്ദഗതിയിലാക്കുകയും ചെയ്യുന്നതില്‍ വാക്സിൻ വിജയിച്ചതായാണ് റിപ്പോര്‍ട്ട്. കൂടാതെ ആവർത്തിച്ചുള്ള ഉപയോഗത്തിന് സുരക്ഷിതമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഓരോ രോഗിക്കും അവരുടെ വ്യക്തിഗത ആർഎൻഎയ്ക്ക് അനുസൃതമായി വാക്സിനില്‍ പരിഷ്കരണങ്ങള്‍ വരുത്തി (customized) ഉപയോഗിക്കാനും സാധിക്കുമെന്ന് എഫ്എംബിഎ മേധാവി വെറോണിക്ക സ്ക്വോർട്ട്സോവ പറഞ്ഞു.
കൊളോറെക്ടൽ കാൻസറിനെ ചികിത്സിക്കാൻ വാക്സിനിന്റെ ആദ്യ രൂപം ഉപയോഗിക്കുമെന്നും ഗ്ലിയോബ്ലാസ്റ്റോമ, മെലനോമ, സ്കിന്‍ കാന്‍സര്‍ എന്നിവയ്ക്കുള്ള പതിപ്പുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു. ഡിജിറ്റൽ വാർത്താ സേവനമായ സ്പുട്നികാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടത്. കോവിഡ്-19 വാക്സിനുകളിൽ ഉപയോഗിക്കുന്നതുപോലുള്ള അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് എന്ററോമിക്സ് വികസിപ്പിച്ചെടുത്തത്. കാൻസർ കോശങ്ങളെ തിരിച്ചറിയാനും ഇല്ലാതാക്കാനും രോഗപ്രതിരോധ സംവിധാനത്തെ പരിശീലിപ്പിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. കീമോതെറാപ്പി അല്ലെങ്കിൽ റേഡിയേഷൻ പോലെ ഗുരുതരമായ പാർശ്വഫലങ്ങൾ വാക്സിന് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. മെഡ്പാത്തിലെ റിപ്പോർട്ട് അനുസരിച്ച്, എന്ററോമിക്സ് കാൻസർ മുഴകളെ ആക്രമിച്ച് നശിപ്പിക്കാൻ നാല് നിരുപദ്രവകരമായ വൈറസുകളെയാണ് ഉപയോഗിക്കുന്നത്. അതോടൊപ്പം കാന്‍സറിനെതിരെ പോരാടുന്നതിനായി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കാന്‍സര്‍ കോശങ്ങളുടെ വളർച്ച മന്ദഗതിയിലാക്കാനും ചില സന്ദർഭങ്ങളിൽ പൂർണ്ണമായും നശിപ്പിക്കാനും ഇത് ഫലപ്രദമാണെന്ന് തെളിയിച്ചിട്ടുണ്ട്.
റഷ്യൻ അക്കാദമി ഓഫ് സയൻസസിന്റെ (ആര്‍എഎസ്) ഏംഗൽഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്യുലാർ ബയോളജി (ഇഐഎംബി) യുമായി സഹകരിച്ച് രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ മെഡിക്കൽ റിസർച്ച് റേഡിയോളജി സെന്റർ ആണ് വാക്സിന് വികസിപ്പിച്ചെടുത്തത്. ജൂൺ 18 മുതൽ 21 വരെ വടക്കൻ റഷ്യയിൽ നടന്ന സെന്റ് പീറ്റേഴ്സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചതായി പ്രഖ്യാപിച്ചിരുന്നു. 48 സന്നദ്ധപ്രവർത്തകരാണ് എന്ററോമിക്സ് ഓങ്കോളിറ്റിക് വാക്സിനുകളുടെ ക്ലിനിക്കൽ പരീക്ഷണങ്ങളില്‍ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ട്. പരീക്ഷണങ്ങൾ അവസാനിച്ചതോടെ, അവശേഷിക്കുന്ന ഒരേയൊരു ഘട്ടം റെഗുലേറ്ററി ക്ലിയറൻസ് മാത്രമാണ്. ഈ ക്ലിയറൻസ് കൂടി കിട്ടിയാൽ പൊതുജനങ്ങൾക്ക് ലഭ്യമാകും.