+

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 12 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

കേരളത്തിൽ വരും ദിവസങ്ങളിലും ചൂട് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വരാനിരിക്കുന്ന തിങ്കളാഴ്ച വരെ സംസ്ഥാനത്തെ 12 ജില്ലകളിൽ ഉയർന്ന താപനില തുടരുമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, വയനാട് എന്നീ മലയോര ജില്ലകൾ ഒഴികെയുള്ള ബാക്കി 12 ജില്ലകളിലാണ് മഞ്ഞ അലേർട്ട് (Yellow Alert) പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലാണ് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. 40.1 ഡിഗ്രി സെൽഷ്യസാണ് പാലക്കാട്ടെ താപനില. ഇത് സാധാരണയേക്കാൾ 3.4 ഡിഗ്രി കൂടുതലാണ്. കൊല്ലം ജില്ലയിലെ പുനലൂരിലും റെക്കോർഡ് ചൂടാണ് അനുഭവപ്പെടുന്നത്. ഇവിടെ 39.8 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി.


അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യം വർദ്ധിക്കുന്നതിനാൽ പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും അറിയിച്ചു. രാവിലെ 10 മണി മുതൽ വൈകിട്ട് 3 മണി വരെയുള്ള സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. തുടർച്ചയായി വെയിൽ ഏൽക്കുന്നത് സൂര്യതാപത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്.

facebook twitter