2009-ലെ വിദ്യാഭ്യാസ അവകാശ നിയമം (RTE Act) നിലവിൽ വരുന്നതിന് മുമ്പ് സർവ്വീസിൽ പ്രവേശിച്ചവരും, നിയമം വന്നതിന് ശേഷം ജോലി നേടിയവരും ടെറ്റ് യോഗ്യത നേടിയില്ലെങ്കിൽ നിർബന്ധിത വിരമിക്കലിന് വിധേയരാകേണ്ടി വരുമെന്ന് സുപ്രീം കോടതി വിധിയിൽ പറയുന്നു. 2025 മുതൽ അഞ്ച് വർഷമോ അതിൽ കൂടുതലോ സർവ്വീസ് ബാക്കിയുള്ള അധ്യാപകർ 2027 ആകുമ്പോഴേക്കും ടെറ്റ് പാസാകണം. ഈ വിധി നിലവിലുള്ള അനേകം പരിചയസമ്പന്നരായ അധ്യാപകരുടെ ജോലി നഷ്ടപ്പെടാൻ കാരണമാകുമെന്നതാണ് കേരളം ഉന്നയിക്കുന്ന പ്രധാന ആശങ്ക.
വിദ്യാഭ്യാസ മേഖലയിൽ ഇത്തരം വലിയൊരു വിടവ് ഉണ്ടാകുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 2010-ന് മുൻപ് ജോലിയിൽ പ്രവേശിച്ചവരെ സംബന്ധിച്ചിടത്തോളം ടെറ്റ് യോഗ്യത നിർബന്ധമാക്കുന്നത് പ്രായോഗികമല്ല. ബിആർസി, സർവ്വശിക്ഷാ അഭിയാൻ പോലുള്ള പദ്ധതികളിൽ നിയമിക്കപ്പെട്ടവർക്കും, സ്ഥലമാറ്റങ്ങൾക്കും ഈ വിധി തടസ്സമാകും.
വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമായതിനാൽ കേന്ദ്രത്തിന് മാത്രമായി തീരുമാനമെടുക്കാൻ കഴിയില്ലെന്നും, സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിക്കേണ്ടത് അത്യാവശ്യമാണെന്നും കേരളം വ്യക്തമാക്കി. പ്രൈമറി, ഭാഷാ അധ്യാപകരുടെ എണ്ണം കുറയ്ക്കുന്നതുൾപ്പെടെയുള്ള സമയങ്ങളിൽ കേരളം അധ്യാപകർക്ക് സംരക്ഷണം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അധ്യാപകരെ സംരക്ഷിക്കുന്നതിന് കേന്ദ്രം നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്നും കേരളം അറിയിച്ചു.