യുഎസ് - ഇറാന്‍ സമാധാന ചര്‍ച്ച പാകിസ്ഥാനില്‍

03:34 PM Apr 11, 2026 | കേരളവിഷൻ ന്യൂസ് ഡെസ്‌ക്

42 ദിവസം നീണ്ടുനിന്ന യുദ്ധത്തിന് വിരാമമിട്ട് അമേരിക്കയും ഇറാനും തമ്മിലുള്ള നിർണ്ണായക സമാധാന ചർച്ചകൾക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്നു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരക്ചിയുടെയും ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാക്കർ ഖാലിബാഫിന്റെയും നേതൃത്വത്തിലുള്ള സംഘം ഇന്ന് പുലർച്ചെ ഇസ്ലാമാബാദിലെത്തി. അമേരിക്കയിൽ നിന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘവും ചർച്ചകളിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്.


ഇസ്ലാമാബാദിലെ സെറീന ഹോട്ടലിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ നടക്കുന്നത്. പാകിസ്ഥാൻ സൈനിക മേധാവിയും പ്രധാനമന്ത്രിയും ചർച്ചകളിൽ മധ്യസ്ഥരായി ഇടപെടുന്നു. 'പ്രോക്സിമിറ്റി ടോക്സ്' എന്ന രീതിയിലാണ് ചർച്ചകൾ നടക്കുന്നത്. അതായത്, ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ നേരിട്ട് കാണാതെ പാകിസ്ഥാൻ ഉദ്യോഗസ്ഥർ വഴി സന്ദേശങ്ങൾ കൈമാറുന്ന രീതിയാണിത്.


ഏപ്രിൽ എട്ടിന് പ്രഖ്യാപിച്ച താത്കാലിക വെടിനിർത്തൽ സ്ഥിരമായ സമാധാന കരാറിലേക്ക് മാറ്റുകയാണ് ചർച്ചയുടെ പ്രധാന ലക്ഷ്യം. ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കണമെന്ന അമേരിക്കയുടെ ആവശ്യവും, ലെബനനിലെ ഇസ്രായേൽ ആക്രമണം നിർത്തണമെന്ന ഇറാന്റെ ആവശ്യവും ചർച്ചയിൽ സജീവമായി പരിഗണിക്കുന്നുണ്ട്. കൂടാതെ ഇറാന്റെ ആണവ പരിപാടിയുമായി ബന്ധപ്പെട്ട ആശങ്കകളും അമേരിക്ക ഉന്നയിച്ചിട്ടുണ്ട്. സമാധാന ചർച്ചകളുടെ ഫലം പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അയവ് വരുത്തുമെന്ന പ്രതീക്ഷയിലാണ് ലോകരാജ്യങ്ങൾ.