വിവാഹത്തിൽനിന്ന് പിന്മാറിയതിനെ തുടർന്ന് എച്ച്ഐവി ബാധിച്ച രക്തം കുത്തിവെച്ചു; യുവതി ജീവനൊടുക്കി

03:01 PM Apr 11, 2026 | വെബ് ടീം

ഹൈദരാബാദ്: വിവാഹാലോചന നിരസിച്ചതിന്റെ പേരിൽ എച്ച്ഐവി ബാധിതനായ യുവാവ് ബലമായി രക്തം കുത്തിവെച്ച യുവതി ജീവനൊടുക്കി. ഹൈദരാബാദ് സ്വദേശിനിയായ 24-കാരിയെയാണ് വെള്ളിയാഴ്ച ബന്ധുവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.സംഭവത്തിൽ യുവതിയുടെ ബന്ധുവായ മനോഹർ എന്നയാളെ പൊലീസ് അന്വേഷിക്കുകയാണ്.

മനോഹറുമായി യുവതിയുടെ വിവാഹം നടത്താൻ മാതാപിതാക്കൾ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ, ഇയാളുടെ മാതാപിതാക്കൾ എച്ച്ഐവി ബാധിതരായതിനാൽ മുൻകരുതൽ എന്ന നിലയിൽ കഴിഞ്ഞ സെപ്റ്റംബറിൽ മനോഹറിനെ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.പരിശോധനയിൽ ഇയാൾക്കും എച്ച്ഐവി സ്ഥിരീകരിച്ചതോടെ യുവതി വിവാഹത്തിൽനിന്ന് പിന്മാറി. ഇതിൽ പ്രകോപിതനായ മനോഹർ മാർച്ച് 11-ന് യുവതിയുടെ വീട്ടിൽ അതിക്രമിച്ചുകയറി തന്റെ ശരീരത്തിലെ എച്ച്ഐവി ബാധിത രക്തം യുവതിയുടെ ശരീരത്തിൽ ബലമായി കുത്തിവെക്കുകയായിരുന്നു. 

സംഭവത്തെത്തുടർന്ന് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിക്ക് രോഗം ബാധിച്ചാൽ തന്നെ വിവാഹം കഴിക്കുമെന്നും തന്റെകൂടെ നിൽക്കുമെന്നുമുള്ള ചിന്തയിലാണ് പ്രതി കുറ്റകൃത്യം ചെയ്തതെന്ന് പോലീസ് പറഞ്ഞു.